10.6.11

മതമില്ലാത്ത ജാതി.

അറിവും അനുഭവവും പുതിയ ചിന്തകളുണ്ടാക്കുന്നതാണ് ഇന്നലെയുടെ ശെരികള്‍ ഇന്ന് വിഡ്ഡിത്തങ്ങളാക്കിത്തീര്‍ക്കുന്നത്.

എവിടെ ? എപ്പോള്‍ ? ജനിക്കേണ്ടതെന്ന് ജന്മംകൊണ്ടവന്റെ തീരുമാനമല്ല; പക്ഷെ ഒരാളുടെ ജന്മമാണ് അയാളുടെ ചിന്താസ്വാതന്ത്ര്യവും പൌരവകാശങ്ങളും തീരുമാനിക്കുകയെന്ന് പറഞ്ഞാലെങ്ങിനെയാ ! ഇന്ത്യയില്‍ ജാതിയും മതവും രെജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു പൌരന്‍ എന്ന ഓപ്ഷന്‍ ഇല്ല. ഒരോരാളും ജനിക്കുന്നതോടെ അവന്റെ ജാതിയും മതവും തീരുമാനിക്കപ്പെടുകായായി.

ജന്മമാണ് ജാതി തീരുമാനിക്കുന്നതെന്നും, ഓരോ പൌരനും ഓരോ ജാതിയിലാണ് ജനിച്ചു വീഴുന്നതെന്നും, ജാതിയാണ് അവന്റെ മതപരവും സാമൂഹികവും കുടുംബജീവിതവും തീരുമാണിക്കുന്നതെന്നും, ഇന്ത്യന്‍ സാമൂഹ്യ ഘടനയുടെ ആണിക്കല്ല് ജാതിയാണെന്നതും, മതേതര രാജ്യത്ത് വലിയ ഒരു തമാശയായി തോന്നുന്നു.

ഓരോ മത വിഭാഗത്തിനും അവരുടേതായ സിവില്‍ നിയമം ഭാഗിച്ചു നല്‍കിയ ഭരണകൂടം ഒരു ജാതിയില്‍ ജനിച്ച് പോയവര്‍, അതിലെ മാത്രം അംഗമായിരിക്കണം എന്ന സന്ദേശം നല്‍കികൊണ്ടിരിക്കുകയാണ്. എഴുതപ്പെടാത്തതും എന്നാല്‍ അതിശക്തമായ ഇന്നത്തെ വര്‍ഗ്ഗീയ-സാമൂഹ്യ ചുറ്റുപാടില്‍ ഇതര ജാതി-മത വിഭാഗങ്ങള്‍ നിന്നും വിവാഹം കഴിക്കാന്‍ അനുവദിക്കപ്പെടാത്ത അവസ്ഥയുണ്ടാക്കുന്നതിലും നിലനിര്‍ത്തുന്നതിലും നമ്മുടെ നിയമസംവിധാനങ്ങള്‍ നിഴലിനെ ഭയപ്പെടുകയാണ്.

മതം മാറാം; പക്ഷെ ജാതി ? ഒരു ചോദ്യചിഹ്നമാവുന്നു.

ജാതി/മത ചിന്തയില്ലാതെ വളരുന്ന മതേതര സമൂഹത്തിന് മതേതരമുല്യങ്ങളുള്ള ഒരു സിവില്‍ നിയമ സംവിധാനം വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഒരു മതേതരരാജ്യത്തിന്റെ മിനിമം ബാധ്യതയാണ്.

25.8.10

YOUR WASTE - YOUR RESPONSIBILITY

ഓവുചാലിലും ഒഴുക്കിലും പാഴ്വസ്തുക്കള്‍ തള്ളിയാല്‍ അവയെല്ലാം ആഴിയില്‍ ചെന്നടിയുമെന്ന്  ആരും നമ്മെ പഠിപ്പിച്ചിരുന്നില്ല.  മാട്ടൂല്‍ അഴിമുഖത്ത് അടിഞ്ഞുകിടക്കുന്ന ഈ ചവറുകള്‍ തൂത്തുവാരിക്കൂട്ടി തീയിടാന്‍ ആര് വരണം. ?.Azheekal Port - Proposal


azhikkal Port - Construction of break water in progress ( azheekal side reached up to 996M and Mattool Side reached up to 580M)

ഓരോ വര്‍ഷവും തിരയടിച്ച് പാറകള്‍ കടലെടുത്ത്ത് കാണുമ്പോള്‍  ഈ കല്ലിട്ട് നികത്തല്‍ പദ്ധതിയില്‍ structural sheet piling  ഉപയോഗിച്ചിരുന്നെങ്കില്‍ പദ്ധതി വേഗം പൂര്‍ത്തിയാകുമായിരുന്നു. 

23.4.10

മയിലുകള്‍ വില്പനയ്ക്ക്.
ഈ കഴിഞ്ഞ ജനുവരിയില്‍ 27 ന്‍ കണ്ണൂര് പോലീസ് മൈതാനിയിലെ പുഷ്പോത്സവമേളയില്‍ എമു(emu) എന്ന പക്ഷിയെ വിവിധയിനം കൊഴികള്‍ പ്രാവുകള്‍, താറാവു എന്നിവയോടൊപ്പം വില്പനയ്ക്ക് വെച്ചത് കണ്ടിരുന്നു, ഇത്തരം പക്ഷികളെ വില്‍ക്കുന്നതിന്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ അവരുടെ ജോലി ചെയ്യുന്നതിനപ്പുറം ഒന്നുമറിയില്ല എന്ന മട്ടിലായിരുന്നു പ്രതികരണം; ജില്ലാ കലക്ടര് ഇവിടം സന്ദര്‍ശിച്ചിരുന്നുവെന്നും ; ആ‍ശങ്കപ്പെടേണ്ട എന്നും‌പറഞ്ഞു.

ഇന്നലെ അബൂദാബിയിലെ ഒരു പെറ്റ്ഷോപ്പില്‍ ചെന്നപ്പോള്‍ മയിലുകളെ വില്പനയ്ക്കായി വെച്ചിരിക്കുന്നു. കൂടെ EGUANA, PYTHON, എന്നിവയും ഉണ്ട്.  മൃഗശാലയില്‍ കണ്ടുപരിചയിച്ച ജീവികളെ വില്പനയ്ക്കായി വെച്ചിരിക്കുന്നത് കണ്ടപ്പോഴത്തെ ഒരു കൌതുകം ഇവിടെ പങ്കുവെയ്ക്കുന്നു.  

ഒരു കൌതുകത്തിന്  ഇത്തരം ജീവികളെ വാങ്ങുകയും പിന്നെ വെക്കേഷനെ പോവുമ്പോള്‍ അല്ലന്ങ്കില്‍, ജോലി നഷ്ടമാവുമ്പോള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന പ്രവാസികള് മറ്റുജീവികളുടെ ജീവിതവും അനിശ്ചിതത്വത്തിലാക്കുന്നത് അനിശ്ചിതത്വത്തിന്റെ അനുഭവങ്ങള്‍ ഇനിയും പഠിക്കാനുള്ളത് കൊണ്ടായിരിക്കണം.


 ഇന്നത്തെ ഗള്‍ഫ് ന്യൂസ്  സ്പെഷെല്‍ റിപോര്‍ട്ട് കാണുക abandoned pets

31.3.10

കാനത്തില്‍ സ്നാനം

വീട്ടില്‍ നിന്നും അത്ര ദൂരെയല്ലാത്ത ഒരു കാനം; മഴക്കാലത്തു ഇവിടെ ഇടക്കിടെ പോയി ഒഴുക്കില്‍ കിടക്കുക ഒരു പതിവാണ്. നാളേയ്ക്കുവേണ്ടി ഇതു സംരക്ഷിക്കല്‍ പരിസ്തിതി സംരക്ഷകരുടെ മാത്രം ഉത്തരവാദിത്തമാക്കിയിരിക്കുകയാ ; അപ്പോള്‍ നാം ആരായി ?


31.10.09

എന്തിനാ മാടായിപാറയില്‍ പോണേ ?

മാടായിപാറയെകുറിച്ച് കേട്ടപ്പോള്‍ അവിടെ വരണമെന്നുണ്ട്, കൂടുതല്‍ വിവരങ്ങളും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു എന്നാരാഞ്ഞുള്ള കേരളത്തിന്റെ അങ്ങേയറ്റത്തുനിന്നുള്ള  ഒരു ബ്ലോഗ് സുഹൃത്തിന്റെ    ഇമെയിലാണ് ഈ പോസ്റ്റിന് ഹേതു.

മാടായിപാറ എനിക്കടുത്താ; നമ്മുടെ  നാട്ടില്‍ മഴവന്നാല്‍ സംഭവിക്കുന്നതെന്തോ അതുതന്നെയാ മാടായിപാറയിലും സംഭവിക്കുന്നേ, ഉണങ്ങി തരിശായ പാറയില്‍ പുല്‍‌വിത്ത് മുളയ്ക്കും, സാധാരണ നെല്‍‌വയലില്‍ കാണുന്നത് പോലെയുള്ള ചില കുഞ്ഞുപൂക്കളും, ചില കുഞ്ഞു പക്ഷികളും ഉണ്ടാവും, പുല്ലുമേയാന്‍ പശുക്കളും, പശുവിനടുത്ത് മൈനകളും, വെള്ളക്കൊക്കുമുണ്ടാവും, പിന്നെ മഴയില്ലാതായാല്‍ പുല്ലുകള്‍ വരണ്ടുണങ്ങും, ചിലസമയത്ത്  ചിലഭാഗങ്ങളില്‍ ഉണക്കപ്പുല്ലിന് തീപിടിച്ച് കത്തിക്കരിഞ്ഞതായും കാണും.

പിന്നെ പഴയങ്ങാടിയില്‍ നിന്നും മുട്ടം, വെങ്ങര ദിക്കിലേക്കു പോകുന്ന റോഡു മാടായിപാറയുടെ മുകളിലൂടെ കയറി പോവുന്നത്, മഴക്കാലത്ത് റോഡിനു കുറുകെ ഒഴുക്കുവെള്ളത്തില്‍ നിന്നു വണ്ടികള്‍ നിര്‍ത്തിയിട്ട് കഴുകും. ഇതൊരു റിമോട്ട് ഏരിയയൊന്നുമല്ല, പഴയങ്ങാടി ടൌണില്‍ നിന്നും നടന്ന് കയറാവുന്നതേയുള്ളൂ.  പാറയ്ക്കുമുകളിലൂടെ നടക്കുമ്പോള്‍  മദ്യപന്മാര്‍ കാലിക്കുപ്പികള്‍ എറിഞ്ഞുടച്ച കുപ്പിച്ചീളുകള്‍ ശ്രദ്ധിക്കുക.

കുഞ്ഞുകുട്ടികളുമായി ദൂരെ ദിക്കില്‍ നിന്നും യാത്രചെയ്തു വന്നു കണ്ടുപോകേണ്ട ഒരു പ്രാധാന്യം മാടായിപാറയ്ക്കുണ്ടെന്ന അഭിപ്രായം എനിക്കില്ല. ജൈവവൈവിധ്യങ്ങളുടെ നിറക്കൂട്ടാണ്,നൂറില്പരം പൂമ്പാറ്റയുണ്ട്, പക്ഷികളുണ്ട്, തുമ്പികളുണ്ട്, ദേശാടന പക്ഷികള്‍ വന്നുപോവാറുണ്ട്, എന്ന് പരിസ്ഥിതിവാദികള്‍ പ്രസംഗിച്ച് പെരുപ്പിക്കാറുണ്ട്, കണക്കുപറിച്ചിലല്ലാതെ, അനുഭവം മറിച്ചാ, ഈ സ്ഥലത്തിന്റെ ഒരറ്റത്തുനിന്നാ ചൈനാക്ലേ ഖനനം നടക്കുന്നത്.

മാടായിപാറയുടെ അപ്പുറത്തും ഇപ്പുറത്തുമായി കിടക്കുന്ന ഏഴോം-പഴയങ്ങാടി പുഴ,  ഏഴിമല, സുല്‍ത്താന്‍ കനാല്‍, ചെമ്പല്ലിക്കുണ്ട്, പടിഞ്ഞാറന്‍ കടല്‍തീരം എന്നീ പ്രദേശങ്ങളെല്ലാം കൂടി എന്റെ നാടിന്റെ സൌന്ദര്യം അഭൌമമായ കാഴ്ചയാണ്.  എങ്കിലും നമ്മുടെ നാട് നോക്കിനടത്തുന്നവര്‍ക്ക് ഇതിലൊന്നും വല്യ താല്പര്യമില്ല; എങ്കിലും,  എനിക്ക് എത്രയോ നല്ല വൈകുന്നേരങ്ങള്‍ സമ്മാനിച്ച ഈ പ്രദേശങ്ങള്‍ ഇങ്ങിനെ തന്നെ എത്രകാലമിരിക്കും . ? . മാടായിപാറയും കുറച്ചകലെ നാവിക അക്കാദമി റൂട്ടിലുള്ള കക്കം‌പാറയും സ്വകാര്യ -കോര്‍പറേറ്റ് കൈകളില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. ദേവസ്വത്തിന്റെ ഭൂമിയായതിനാല്‍ ഒരു പരിധിവരെ സംരക്ഷിക്കപ്പെടും എന്ന ആത്മവിശ്വാസമുണ്ട്.

ചെങ്കണ്ണി തിത്തിരി (Red-wattled_Lapwing (Vanellus indicus) നെ കൂട്ടത്തോടെ കാണാന്‍ മാടായിപാറയില്‍ പോയാല്‍ മതി; മഴക്കാലത്ത് ഈ പക്ഷിയുടെ കുഞ്ഞുങ്ങളേയും  കണ്ടേക്കാം.  കാണുക മാത്രം ചെയ്യുക. ഏടുത്ത് വീട്ടില്‍കോണ്ട് പോയേക്കരുത്.  ശാപം കിട്ടും.

  
മാടായിപാറ വരണ്ടിരിക്കുമ്പോഴുള്ള ചിത്രങ്ങള്‍ ഇവിടേയും  (ചിത്രത്തിന് കടപ്പാട് http://www.vengara.com/)
മഴക്കാലത്തെ ചിത്രങ്ങള്‍ ഇവിടെയും കാണാം


(ചിത്രങ്ങള്‍ക്കു കടപ്പാട് sudhas5)

27.10.09

ഇരുമ്പുരുക്ക്

Re-inforcement bar (high yeild deformed steel bars in sizes 8 mm-40 mm and 12 Mtr length)
Specification BS 4449 (97) Gr. 460b

3.1.09

ഏഴിമല

1987 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തറക്കല്ലിട്ട 2452 ഏക്കര്‍ സ്ഥലത്തു ആധുനിക സങ്കേതിക വിദ്യയാല്‍ സുസജ്ജമായ ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി, ഇന്നുച്ചയ്ക്കു പ്രധാനമത്രി മനമോഹന്‍ സിംഗ് രഷ്ട്രത്തിനായി സമര്‍പ്പിക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തു മികച്ച ബിരുദധാരികളെ സംഭാവന ചെയ്യാന്‍ ഏഴിമല നാവിക അക്കദമിക്കു കഴിയട്ടെ, എല്ലാ ആശംസകളും...ഏഴൈ വണക്കം.ഏഴിമലയില്‍ പോകുന്ന വഴിയേ കക്കം‌പാറയില്‍ നിന്നും തിരകള്‍ രാരീരം പാടുന്ന എന്റെ ജന്മനാട് - -മാടായി-മാട്ടൂല്‍-പുതിയങ്ങാടി-ചൂട്ടാട്-പഴയങ്ങാടി.

ഏഴിമലയുടെ ഉത്തുംഗതയില്‍ നിന്നുള്ള പടം

കക്കം‌പാറയില്‍ നിന്നുള്ള വിദൂര വീക്ഷണം ; അങ്ങകലെയായി സുല്‍താന്‍ തൊടിനുമപ്പുറം വെളുത്ത് കാണുന്നത്  ചൈനാക്ലേ ഖനനം ചെയ്യുന്ന സൈറ്റും അതിനപ്പുറം മാടായിപ്പാറയും;  ഒരു ജുലൈ മാസത്തെ വര്‍ഷകാലത്താണ് ഈ പോട്ടം പിടിച്ചത്.

16.12.08

ജെറ്റ്സ്കി
അബൂദാബി മുസഫ്ഫ പബ്ലിക് പാര്‍കില്‍ ജെറ്റ്സ്കിയില്‍ പിള്ളേര് വിളയാടുന്നതാണിത്, വളര്‍പട്ടണം പുഴയിലൂടെ ഒരു റൌണ്ട് ജെറ്റ്സ്കി ഓടിച്ച് പോവുക എന്നതാണ് എന്റെ ജീവിതാഭിലാഷം, യുയേയി - ഖോര്‍ഫുഖാന്‍ ബീച്ചില്‍ വാടകയ്ക്കെടുത്ത ജെറ്റ്സ്കിയുമായി ഓളങ്ങള്‍ വെട്ടിച്ച് ആഴിപ്പരപ്പിലൂടെ കറങ്ങിത്തിരിഞ്ഞതായിരുന്നു ആദ്യത്തെ ജെറ്റ്സ്കി അനുഭവം, അഭൌമമായ ഒരനുഭൂതിയായിരുന്നു. നാട്ടില്‍ ഗോവയില്‍ ജെറ്റ്സ്കി ടൂറിസ്റ്റുകള്‍ക്കായി കിട്ടും, കൊച്ചിയിലും, കുട്ടനാട്ടിലും ഉള്ളതായി അറിവില്ല, 1500hp മോട്ടോര്‍ ഘടിപ്പിച്ച് സ്വന്തമായി ഉണ്ടാക്കിയെടുക്കുമയാണെങ്കില്‍ നാട്ടില്‍ ഇത് സുലഭമായി കാണാന്‍ കഴിഞ്ഞേക്കും.

17.9.08

ശുഭയാത്ര


നമ്മുടെ പരിസര-പെരുമാറ്റ ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ റെയില്‍‌വേ സ്റ്റേഷനില്‍ കാണുന്ന ഒരു ബോര്ഡ്. സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുന്ന നേരം ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും ടോയ്‌ലറ്റിനടുത്തായി എഴുതി വെച്ചത് കാണാം.

11.5.08

നന്നാറി

ഈയിടെ ഒരു കാട്ടുചോലയില്‍ കുളിക്കാന്‍ ചെന്നപ്പോള്‍ അവിടം നിറയെ നന്നാറിയുടെ ഗന്ധം, ചുറ്റുവട്ടവും നന്നാറിച്ചെടികള്‍. എന്റെ നാട്ടില്‍ പൂഴിമണ്ണില്‍ ഈ ചെടിയെ കാണാറില്ല, നന്നാറിയുടെ വേര് പറിച്ച് രുചിയും മണവും പറഞ്ഞ്തന്ന വേങ്ങാട് മാപ്പിള യു,പി, സ്കൂളിലെ സഹപാഠികളുടെ ഓര്‍മ്മയ്ക്കായ്.

2.4.08

പൂ

ഇതും പൂ തന്നെ


ഇതും പൂ തന്നെ

17.2.08

ഒരുതിരണ്ടിയോര്‍മ്മസ്റ്റീവ് ഇര്‍വിന്‍ പാമ്പിനേയും മുതലയേയും കെട്ടിപ്പിടിച്ചു മറിഞ്ഞുവീഴുമ്പോള്‍ അദ്ദേഹത്തിനു അപകടമൊന്നും സംഭവിക്കരുതേയെന്നു മനസ്സ് തനിയെ വെമ്പല്‍ കൊള്ളുമായിരുന്നു; ഒരു തിരണ്ടി(stingray)യുടെ കുത്തേറ്റ് സെപ്റ്റമ്പര്‍ 4/2006 ഇര്‍വിന്‍ വിടപറഞ്ഞതു മനസ്സിന് നല്‍കുന്ന നൈര്യന്തരം ചെറുതൊന്നുമല്ല. അതേസമയത്തു പോസ്റ്റി-ഡിലീറ്റിയ ഒരു പോസ്റ്റിന്റെ ഓര്‍മ്മയക്കാണിത്. അബൂ ദാബി ബതീന്‍ ബീചില്‍ ചൂണ്ടലില്‍ കടിച്ച ഇവനെ മകന്റെ കൌതുകത്തിന് അല്പനേരം കളിപ്പിച്ചു വേദനിപ്പിക്കാതെ തിരിച്ചു വിട്ടു, ഇന്നിവന്‍ വളര്‍ന്നു വല്യ ആളായിട്ടുണ്ടാവും.

29.12.07

മലബാറിന്റെ കുട്ടനാട്
പഴയങ്ങാടി വളര്‍പട്ടണം പുഴയില്‍ നിന്നൊരു ദൃശ്യം; പഴയങ്ങാടി,ചെറുകുന്നു, എഴോം, മാടായി, മാട്ടൂല്‍ എന്നീ പഞ്ചായത്തുകളിലെ മാലിന്യങ്ങള്‍ മൊത്തമായും ചില്ലറയായും ഈ പുഴ വര്‍ഷങ്ങളായി ഏറ്റുവാങ്ങുന്നു, വണ്ടിയില്‍ ലോഡ് ചെയ്തു വന്നു പാലത്തിനു മുകളില്‍ നിന്നു പുഴയുടെ കയത്തിലേക്കു മാലിന്യക്കെട്ടുകള്‍ വലിച്ചെറിയുമ്പോള്‍ അവ അങ്ങകലെ കടലില്‍ ചെന്നെത്തും എന്ന ധാരണ തെറ്റാണെന്നു മനസ്സിലാവാന്‍ ഈ പുഴയിലൂടെ ഒന്നു സഞ്ചരിച്ചാല്‍ മതിയാവും, ഈ പുഴ യുടെ വേലിയെറ്റവും ഇറക്കവും നിലച്ച് പോയാല്‍ പരിസരത്തുള്ള കിണറുകളിലെ കുടിവെള്ളം ഇല്ലാതാവും. ഏഴിമല നാവിക അക്കാദമി പദ്ധതിയോടനുബന്ധിച്ചു കോടികള്‍ ചിലവാക്കി ഉള്‍നാടന്‍ ജലഗതാഗതത്തിനു പാതയൊരുക്കാന്‍ നടപ്പാക്കിയ സുല്‍ത്താന്‍ കനാല്‍ പദ്ധതിയും ഈ പുഴയെ ബന്ധിച്ചാണു കിടക്കുന്നത്.

മാടായിപ്പാറ, ഏഴിമല, ഉപദ്വീപായി ഒന്‍പതു കിലോമീറ്ററോളം കടലിലേക്കു തള്ളി നില്‍ക്കുന്ന കിടക്കുന്ന മാട്ടൂല്‍, മാടായി, പുതിയങ്ങാടി, പഴയങ്ങടി പഞ്ചായത്ത് എല്ലാം കൊണ്ടും കുട്ടനടിനെപോലും പിറകിലാക്കുന്ന പ്രകൃതി ഭംഗിയുള്ള ഒരു ഭൂപ്രദേശമാണ്. ഈ പുഴപ്പരപ്പു നശിച്ചാല്‍ കടിലിനും പുഴക്കുമിടയില്‍ ഒന്നര കിലോമീറ്റര്‍ വീതി പോലുമില്ലാത്ത ഈ പഞ്ചായ്ത്തുകളിലെ കടുത്ത വേനലില്‍ പോലും കുടിവെള്ളം തരുന്ന കിണറുകള്‍ ഇല്ലാതാവും.

പുഴയോരത്തു വല്യ വീടുണ്ടാക്കുന്നവര്‍ ശ്രദ്ധിക്കുക, ഇപ്പോള്‍ തന്നെ പുഴയുടെ പരിസരത്തുള്ള കുടിവെള്ളം തന്നിരുന്ന കിണറുകളിലെ വെള്ളത്തിന്റെ നിറം മാറാന്‍ തുടങ്ങിയിരിക്കുന്നു, പുഴയിലെ അടിത്തട്ടില്‍ വര്‍ഷങ്ങളായി തള്ളിവിട്ട പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ പുഴയുടെ ആഴം കുറച്ചു അടിയൊഴുക്കിന്റെ സമ്മര്‍ദ്ദം കുറച്ചിരിക്കുന്നു, മഴ തോര്‍ന്നു തുലാം മാസത്തില്‍ തന്നെ പുഴയുടെ വെള്ളത്തിന്റെ നിറം മങ്ങുന്നു. ചെളിയില്‍ വളരുന്ന ഏട്ട പോലോത്ത മത്സ്യങ്ങളെ ബാക്കിയാക്കി പുഴയുടെ ആഴം കുറഞ്ഞുകുറഞ്ഞ് പുഴ ഇല്ലാതാവുകയാണോ എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.

പുഴമത്സ്യം പിടിക്കുക എന്നത് തദ്ദേശവാസികള്‍ക്കു ഒരു വിനോദവും, വരുമാനവുമായിരുന്നു, വലയില്‍ ചണ്ടികള്‍ക്കൊപ്പം കോഴിത്തൂവലുകളും കുരുങ്ങി വല വൃത്തിയാക്കാന്‍ പാടായതിനാല്‍ ഈ തൊഴിലില്‍ പിടിച്ചു നില്‍ക്കാനാവതെ നിര്‍മ്മാണ പ്രവര്‍ത്തനമേഖലയിലേക്കു ചുവടുമാറ്റുകയാണ് ഈ രംഗത്തുള്ളവര്‍, അഴുക്കുജലത്തില്‍ ഏറെനേരത്തെ സഹവാസം ന്തൊലിപ്പുറത്തുണ്ടാവുന്ന ചൊറിച്ചിലും നീറ്റലും വേറെയും.


ഈ പുഴ അവസാനിക്കുന്നിടത്താണ് വിദേശ നിക്ഷേപം കാത്തിരിക്കുന്ന അഴീക്കല്‍ തുറമുഖവും കേന്ദ്ര ഗവണ്മെന്റ് നടപ്പില്‍ വരുത്തുന്ന ബ്രേക്ക് വാട്ടര്‍ പദ്ധതിയും.

14.9.07

nimesulide - പൈതങ്ങളുടെ കരളുരുക്കുന്നു.

ഒന്നര വര്‍ഷം മുന്‍പു മകനു നാട്ടില്‍ നിന്നും പനിയും ചുമയും പിടിപെട്ടു പീഡിയാട്രീഷനെ കാണിച്ചപ്പോല്‍ paracetamol, amoxicillin എന്നതിന്റെ കൂടെ NIMESULIDE എന്ന ഒരു റ്റാബ്‌ലെറ്റും എഴുതി തന്നു, രണ്ടു വയസ്സുപോലും തികയാത്ത ബ്രെസ്റ്റ്ഫീഡിങ് എടുക്കുന്ന കുഞ്ഞായതിനാല്‍ ആന്റിബയോട്ടിക് കൊടുക്കുന്നതില്‍ തന്നെ ഞാന്‍ വിമുഖനായിരുന്നു, കൂട്ടത്തില്‍ nimesulide നെ കുറിച്ച് ഗൂഗി‌ളില്‍ സെര്‍ച്ച് ചെയ്തപ്പോഴാണറിയുന്നത്, ഒരു നിരോധിത മരുന്നാണിതെന്ന്, ഡോക്ടര്‍ക്കു ഇതേകുറിച്ചു എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ എഴുതിയിരുന്നില്ല.

ഒരു വര്‍ഷം മുന്‍പുണ്ടായ ഈ സംഭവം ഇപ്പോള്‍ ഇവിടെ എഴുതാന്‍ കാരണം, ഇന്നലത്തെ “മാധ്യമം“ ത്തില്‍ ‘നിമുസുലൈഡിനെതിരെ കേന്ദ്രം അന്വേഷണം തുടങ്ങി‘ എന്ന തലക്കെട്ടില്‍ മലപ്പുറം-മഞ്ചേരിയില്‍ നിന്നുമുള്ള, ഇങ്ങിനെ,ഒരു റിപോര്‍ട്ട് കണ്ടിരുന്നതിനെ തുടന്നാണ്, കരളിനെ നശിപ്പിക്കുന്ന- വൃക്ക രോഗം വരുത്തുന്ന ഭീകരമായ പാര്‍ശ്വഫലങ്ങളുള്ള ഒരു മാരകമായ മരുന്നാണിത്.

നിമുസുലൈഡിനു , യൂറോപ്പിലടക്കം 168 രാജ്യങ്ങളിലും നിരോധിച്ച ഈ മരുന്നു ഒരിക്കലും അമേരിക്കയില്‍ അംഗീകാരം കൊടുത്തിട്ടില്ല, ഈ മരുന്നു കണ്ടുപിടിച്ച സ്വിറ്റ്സര്‍ലാന്റിലും നിരോധിച്ചിട്ടുണ്ടായിരുന്നു, ബംഗ്ലദേശില്‍ പോലും കുഞ്ഞുങ്ങളുടെ മരണം റിപോര്‍ട് ചെയ്തപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ നിരോധിച്ചു.

പക്ഷെ ഇന്‍ഡ്യയിലെ കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഇന്നും ഇതൊരു ഔഷധം തന്നെ, നമ്മുടെ നാട്ടിലും കുഞ്ഞുങ്ങള്‍ മരിച്ചുവീണിട്ടുണ്ട്, ഇപ്പോഴും ഇതിന്റെ പാര്‍ശ്വഫലം നിശബ്ദമായി അനിഭവിച്ചു നമ്മുടെ കുഞ്ഞുങ്ങള്‍ വേദനിച്ചു മരിച്ചുകോണ്ടിരിക്കുന്നുണ്ടാവണം. എങ്കിലും നമ്മുടെ കാര്യങ്ങളൊന്നും അത്ര വേഗത്തില്‍ തീരുമാനമാകില്ലല്ലോ, കുറെ സമരവും എറിഞ്ഞുടക്കലും തീ കൊളുത്തലും ഒക്കെ വേണ്ടി വരും, . രാജ്യാത്തെ തലമുതിര്‍ന്ന പീഡിയാട്രീഷന്‍സ് നിമുസുലൈഡ് നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ രാജ്യത്തെവിടെയും ഈ മരുന്നു കുഴപ്പം സൃഷ്ടിച്ചിട്ടില്ല എന്നാണു നമ്മുടെ ഡ്രഗ് കണ്ട്രോള്‍ വകുപ്പിന്റെ വാദം. എന്നിട്ടാണിപ്പോള്‍ ഇനിയും കേന്ദ്രം പഠിക്കാനിറങ്ങുന്നത്, അങ്ങു ദെല്‍ഹിയില്‍ തീരാത്തതാണോ, ഇവിടെ മഞ്ചേരിയില്‍ തീരുന്നത്, എനിക്കത്ര ശുഭാപ്തി വിശ്വാസമില്ല.എവിടെയൊക്കെയോ എന്തരോ കുഴപ്പങ്ങളുണ്ട്.?അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിരോധിത മരുന്നുകള്‍ കൊണ്ടു തള്ളുന്നതു നമ്മുടെ നാട്ടിലാണ് എന്നതു എത്ര ഖേദകരമാണ്. നമ്മള്‍ക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലെ.?

ഇപ്പോള്‍ നാട്ടില്‍ എല്ലായിടത്തും പനി വിടാതെ പിടികൂടുകയാണ് ,കൈക്കുഞ്ഞിനെയും ഒക്കത്തു വെച്ചു ക്യൂ നിന്നു, ഡോക്ടറെ കണ്ടു കിട്ടുന്നത് ഇങ്ങനെയുള്ള ഒരു വിഷ മരുന്നായാല്‍ ? ഡോക്ടേര്‍സ് ഈ മരുന്നു ഇപ്പോഴും കുഞ്ഞുങ്ങള്‍ക്കു കുറിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു, ചികിത്സയിലും മരുന്നിനുമായി കോടികള്‍ ചിലവഴിക്കുന്ന നമ്മുടെ ആരോഗ്യ രംഗത്തു കാണിക്കുന്ന ശുഷ്കാന്തി അന്താരാഷ്ട്രാ മരുന്നു കമ്പനികള്‍ മുതലെടുക്കുകയാണ്.ദേശീയ മരുന്നു സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഈ മരുന്നു വിറ്റഴിക്കുന്നു എന്നത് ആര്‍ക്കും ബോധ്യമില്ലെ.?

നാരായണ്‍ വെങ്കിട്ടു എന്ന സുഹൃത്തിന്റെ expression of life എന്ന ബ്ലോഗില്‍ ഞാന്‍ പ്രകടിപ്പിക്കുന്ന അതേ വികാരം പങ്കു വെക്കുന്നു.

ഇവിടെ Times of India യുടെ റിപോര്‍ട്ടില്‍ ഇങ്ങനെ “India is the only country on the face of this earth where nimesulide is given to children.“


Killer pills: Banned but available ഈ റിപോര്‍ട്ടും കാണുക,
നിരോധിത മരുന്നുകളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു

Drugs that have been globally discarded but are available in Indian markets include:

NimesulidePainkiller, fever
Reason for ban: Liver failure
Brand name: Nise, Nimulid

Analgin It is a painkiller
Reason for ban: Bone marrow depression.
Brand name: Novalgin

CisaprideFor acidity, constipation
Reason for ban: Irregular heartbeat
Brand name: Ciza, Syspride

DroperidolAnti-depressant. Reason for ban : Irregular heartbeat.
Brand name: Droperol

Furazolidone Anti-diarrhoeal
Reason for ban: Cancer
Brand name: Furoxone, Lomofen


NitrofurazoneAnti-bacterial cream
Reason for ban: Cancer
Brand name: Furacin

PhenolphthaleinLaxative
Reason for ban: Cancer
Brand name: Agarol

PheylpropanolamineCold and cough
Reason for ban: stroke
Brand name: D’cold, Vicks Action - 500

Oxyphenbutazone Non-steroidal anti-inflammatory drug
Reason for ban: Bone marrow depression
Brand name : Sioril

PiperazineAnti-worms
Reason for ban: Nerve damage
Brand name: Piperazine

Quiniodochlor Anti-diarrhoeal
Reason for ban: Damage to sight
Brand name: Enteroquinol

എപ്പോഴും കുഞ്ഞുങ്ങള്‍ക്കു എന്തു മരുന്നുകൊടുക്കുമ്പോഴും രണ്ടാമതൊന്നും കൂടി ഉറപ്പു വരുത്തിയിട്ടു കൊടുക്കുക; നമ്മുടെ സമൂഹം എന്തോ അത്ര സുതാര്യമല്ല പ്രവര്‍ത്തിക്കുന്നത്. പല വേര്‍തിരിവുകള്‍ക്കിടയില്‍ കൊണ്ടും കൊടുത്തും താ‍യ്‌വേരു തന്നെ അറിയാതെ മുറിച്ചു മാറ്റുകയാണ്, പരസ്പരം ഒരു പ്രതിബദ്ധത കാണിക്കാതെ, എല്ലാം കൊടിയുടെയും നിറത്തിന്റെയും പിന്നാലെയാണ്.

വാല്‍കഷണം: തലവിരി കൊടുത്തും കൊടുക്കാതെയും, രക്ഷിതാക്കളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി ഡോക്ടര്‍ ആയിപ്പോകേണ്ടി വരുന്ന ഡോക്ടേര്‍സ് ആതുര സേവന രംഗത്തിറങ്ങുമ്പോള്‍ അവരുടെ പ്രാക്റ്റീസ് നിരീക്ഷിക്കാനും ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ അറിഞ്ഞു എത്രത്തോളം ഫലപ്രദമാകുന്നുവെന്നു അവരുടെ ചികിത്സകള്‍, എവിടെയൊക്കെ പൊതുജനം ബലിയാടാവുന്നു എന്നു തുടങ്ങിയ കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ വിശ്വാസ്യതയുള്ള വിദഗ്ദ സര്‍കാര്‍ ബോഡിയില്ലാതെ പോയത്; നമ്മുടെ നാട്ടില്‍ പുറങ്ങളില്‍ കോര്‍പൊരേറ്റ് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികളുടെ എന്തു മരുന്നും നമ്മളില്‍ പരീക്ഷിക്കാനുള്ള കുടിലത വാ തോടാതെ നടപ്പാവുകയാണ്. നമ്മള്‍ വെറും എലികളായി മാറിപ്പോവുന്നു - വെളുത്ത എലികളും കറുത്ത എലികലും പരീക്ഷണ ശാലയില്‍ തുല്യം തന്നെ. ആളു വടിയാകുമ്പോള്‍ ഹോസ്പിറ്റല്‍ തല്ലിപ്പൊളിക്കുന്നതിനേക്കാളും നല്ലതു മുളയിലേ ഇത്തരക്കാരെ നുള്ളിയെറിയുകയാണ്.

26.7.07

അരയാല്‍

ക്ഷേത്രവളപ്പിലും റയില്‍‌വേ സ്റ്റേഷന് - ബസ്‌സ്റ്റോപ്പ് പരിസരങ്ങളിലും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ബോധിവൃക്ഷത്തെ കാണാറുണ്ട്; എങ്കിലും വീട്ടുവളപ്പില്‍ ആലിനെ അകറ്റിനിര്‍ത്തുന്നതില്‍ വല്ല ശാസ്ത്രീയതയുമുണ്ടോ ?

വീട്ടുവളപ്പില്‍ അരയാല്‍ വളര്‍ത്തണം എന്ന എന്റെ ആഗ്രഹത്തിന്‍ തടസ്സം നില്‍ക്കുന്നത് ഈ വൃക്ഷത്തെ ദൈവവിശ്വാസവുമായി ബന്ധപ്പെടുത്തി ആരാധിക്കപ്പെടുന്നതാണ്. ഈ വൃക്ഷത്തിന്റെ വിശ്വാസാ‍ചാര പരിവേഷം എത്രത്തോളം ഗുണകരമാണോ അത്രത്തോളം ദോഷം ചെയ്യുന്നുണ്ട് എന്നുള്ളതും ഗണിക്കേണ്ടതാണ്‍.

"മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണു രൂപിണേ
അഗ്രതോ ശിവ രൂപായ
വൃക്ഷ രാജായതേ നമോ നമഃ"


18.7.07

അരൂത - (മാരകമായ) ഔഷധച്ചെടി


മഴക്കാലം തുടങ്ങിയാല്‍ ഫലവൃക്ഷതൈകള്‍ വില്‍ക്കാനിറങ്ങുന്ന വഴിയോരകച്ചവടക്കാരില്‍ നിന്നും മറ്റു ചെടികളോടൊപ്പം അരൂതയുടെ ഒരു കമ്പും വീട്ടുമുട്ടറ്റത്ത് നട്ടുപിടിപ്പിച്ചു; നാലു വര്‍ഷമായി ഇതിങ്ങനെ വളരുന്നു. കൂടുതല്‍ ഈ ചെടിയെ കുറിച്ചു അറിയുന്നവര്‍ പറഞ്ഞു തരിക.

ഈ പോസ്റ്റിലെ ദേവന്റെ കമെന്റില്‍ തന്ന ലിങ്ക് വായിച്ചപ്പോള്‍ അരൂത യുടെ ഉപയോഗം വൃക്കയ്ക്കും കരളിനും കേടുണ്ടാക്കുമെന്നും; ഗര്‍ഭിണികള്‍ക്കു കുഞുങ്ങള്‍ക്കു ജന്മ വൈകല്യം വരെ കാരണമായേക്കും എന്നും കാണുന്നു.

Note: Fresh rue contains volatile oils that can damage the kidneys or liver. Deaths have been attributed to the use of fresh rue.

Due to the potential toxicity of rue, its use is not recommended.Women who are pregnant or trying to become pregnant should avoid taking and applying rue because it can cause miscarriage. Additionally, laboratory studies have shown that rue may cause birth defects.

Due to its irritating effect on the gastrointestinal tract, rue should not be taken or used by individuals with bladder, kidney, liver, or stomach conditions.

Precautions

Very little information is available on how rue might affect an infant or a child. Therefore, its use is not recommended during breast-feeding or childhood.

ഇവിടെ കൂടുതല്‍ വിവരങ്ങള്‍:
http://www.drugdigest.org/DD/PrintablePages/herbMonograph/0,11475,552392,00.html

17.7.07

ശ്രീ ഹനുമാന്‍

കണ്ണൂര്‍;പഴയങ്ങാടി; ഏഴിമല യില്‍ ശ്രീ. കെ കെ ആര്‍ വെങ്ങര തീര്‍ത്ത നാല്പത്തിഒന്നു അടി വലിപ്പമുള്ള ശ്രീ ഹനുമാന്റെ വിഗ്രഹത്തിന്റെ മുന്നില്‍ നിന്നും പിന്നില്‍ നിന്നുമുള്ള ദൃശ്യമാണിത് ; മഴക്കാറു മൂടിയ അന്തരീക്ഷമായതിനാല്‍ ഫോട്ടോ നല്ല തെളിച്ചമില്ല(എന്റെ ഫോട്ടോഗ്രാഫിയിലുള്ള പരിഞ്ജാനവും കമ്മിയാണ്). ഈ ശില്പത്തിനടുത്തു ഒരു ക്ഷേത്രവുമുണ്ട്.16.7.07

ചെമ്മീന്‍ തപ്പുന്നവര്‍മാത്ത(42) പാറു(52), വിലാസിനി(41), വായയില്‍ മുണ്ടപ്പായ കൊണ്ടുണ്ടാക്കിയ സഞ്ചി കടിച്ചു പിടിച്ചു പുഴയില്‍ നിന്നും ചെമ്മീനും ഞണ്ടും തപ്പിപ്പിടിക്കുകയാണിവര്‍; ആറേഴുമണിക്കൂര്‍ ചെളിയും ഉപ്പും കലര്‍ന്ന ചതുപ്പില്‍ കഴുത്തോളം മുങ്ങിക്കിടക്കുന്ന ഈ അമ്മമാര്‍ക്ക് കറിക്കെടുക്കാനും പിന്നെ 60-70 രുപയുടെ വകയുംകിട്ടും; നാടന്‍പണികള്‍ കുറയുന്ന കര്‍ക്കിടകം പോലെയുള്ള പഞ്ഞകാലത്താണ് പതിവായി ഇവരീജോലിക്കിറങ്ങുന്നത്.

തേനീച്ചകള്‍
ഇവന്‍ സനീഷ് ; പ്ലസ് ടു - ഹ്യുമാനിറ്റീസിനു പഠിക്കുന്നു; എരമത്താണു വീടു; പയ്യന്നൂരിനടുത്തു, കോറോം വഴി പോയാല്‍ കാനായി കാനം എന്ന പേരില്‍ ഒരു കാനയുണ്ടു; അവിടെ തിമിര്‍ത്താടി തിരിച്ചു പോവും വഴി കണ്ടുമുട്ടിയതാണു സനീഷിനെ; ഒരു തേനീച്ചക്കൂട്ടത്തെ നിര്‍ഭയമായി കയ്യിലെടുത്തിരിക്കുകയാണ് സനീഷ്; ഒന്നര രണ്ടു മണിക്കൂറുകളോളം ഇവ കയ്യില്‍ നില്‍ക്കും പിന്നെ അവ അവയുടെ പാട്ടിനു പോവും ;പെട്ടെന്നു വിട്ടേച്ചു പോവാന്‍ ശ്രമിച്ചാല്‍ അപകടകരമായിരിക്കും; തേനീച്ചക്കൂട്ടത്തിലുള്ള റാണിയെ വരുതിയിലാക്കിയാണു ഈ അഭ്യാസം; തേനീച്ചകള്‍ക്കു വേദനിപ്പിച്ചലേ അവ ദ്രോഹിക്കുകയുള്ളൂ എന്ന് ന്തേനീച്ചകളെ തലോടിക്കോണ്ട് സനീഷ് പറഞ്ഞു ; വീട്ടുവളപ്പില്‍ തേനീച്ചയെ കൂടുകൂട്ടി വളര്‍ത്താനാണു ഈ തേനീച്ചകള്‍; തേനിനു ഒരു കിലോയ്ക്കു നൂറു രൂപ.

സനീഷിന്റെ വിലാസം:

സനീഷ് . സി. പി
ചേമഞ്ചേരി പുതിയവീട്
എരമം പി.ഒ.
വഴി. പയ്യന്നൂര്‍
കണ്ണൂര്‍ ജില്ല
+91 9947 507578

14.7.07

പഴയങ്ങാടി പുഴ

ഒരു മഴക്കാല ചിത്രം.